ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി എംപി ബൻസുരി സ്വരാജിന്റെ ഹാൻഡ് ബാഗ്. ‘ നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്ന് എഴുതിയ ബാഗുമായാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ബൻസുരി സ്വരാജ് എത്തിയത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗമാണ് പാർലമെന്റിൽ നടന്നത്. നീല നിറമുള്ള ബാഗിൽ ചുവപ്പ് നിറത്തിലാണ് ‘നാഷണൽ ഹെറാൾഡ് കൊള്ള’ എന്ന് രേഖപ്പെടുത്തിയത്. പൊളിക്കൽ സ്റ്റേറ്റ്മെന്റായി ബാഗ് കൊണ്ടുനടക്കുന്നയാളാണ് പ്രിയങ്ക വാദ്ര. അടുത്തിടെ പലസ്തീന് പിന്തുണച്ച് തണ്ണിമത്തൻ ബാഗുമായി പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ബൻസുരി നൽകിയത്.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 2,000 കോടിയുടെ തട്ടിപ്പാണ് നെഹ്റു കുടുംബം നടത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് എംപിമാരായ സോണിയ , രാഹുൽ, ഓവർസിസ് കോൺഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്-എജെഎൽ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുക്കുകയായിരുന്നു. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്കാണ് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയത്.















