ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. റെക്കോഡ് മുന്നേറ്റം തുടരുന്ന് ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ തോല ബാറിന് (10 ഗ്രാം) 1 ലക്ഷം രൂപയെന്ന മാന്ത്രികസംഖ്യയിലേക്ക് സ്വര്‍ണവില എത്തി. ഡെല്‍ഹിയില്‍ ഗ്രാമിന് 10,150 രൂപയാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. മുംബൈയിലും ചെന്നൈയിലും 10,135 രൂപയാണ് വില. അതേസമയം 22 കാരറ്റ് സ്വര്‍ണത്തിന് 9305 രൂപയാണ് ഡെല്‍ഹിയിലെ വില.
കേരളത്തില്‍
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 275 രൂപ വര്‍ധിച്ച് വില 9290 രൂപയായി. പവന് 2200 രൂപ ഉയര്‍ന്ന് 74320 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 9015 രൂപയും പവന് 72120 രൂപയുമായിരുന്നു വില. 75000 കടന്ന് കുതിക്കാന്‍ തയാറെടുക്കുകയാണ് സ്വര്‍ണമെന്ന് വ്യക്തം.
2025 ആരംഭിച്ചതിനു ശേഷം 17440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന.
യുഎസില്‍
യുഎസില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1.7% ഉയര്‍ന്ന് 3482.40 ഡോളറിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിനെതിരെ പ്രസിഡന്റ് ട്രംപ് നടത്തിയ വിമര്‍ശനമാണ് നിക്ഷേപകരില്‍ ആശങ്കയുയര്‍ത്തിയത്. സ്വാഭാവികമായും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് അവര്‍ നീങ്ങി. താരിഫ് യുദ്ധ ആശങ്കകളും ട്രംപും പവലുമായി നിലനില്‍ക്കുന്ന ഉരസലുകളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചെന്ന് കെസിഎം ട്രേഡിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റായ ടിം വാട്ടറര്‍ പറയുന്നു.
രണ്ടര വര്‍ഷത്തില്‍ ഇരട്ടി വില
2025 ആരംഭിച്ചതു മുതല്‍ സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചുയരുകയാണ്. ഈ വര്‍ഷം ഇതുവരെ 23% വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, സ്വര്‍ണ്ണത്തിന് 50% വര്‍ധനവുണ്ടായി.
സ്വര്‍ണ്ണത്തിന്റെ വില 3 വര്‍ഷത്തിനുള്ളില്‍ 100% കുതിച്ചുയര്‍ന്നു. 2022 ഒക്ടോബര്‍ 10 ന്, സ്വര്‍ണ്ണത്തിന്റെ വില ഔണ്‍സിന് 1,704 ഡോളര്‍ ആയിരുന്നു. 2025 ഏപ്രില്‍ 22 ന് ഇത് 3,470 ഡോളര്‍ ആയി ഉയര്‍ന്നു. രണ്ടര വര്‍ഷം കൊണ്ടാണ് വില ഇരട്ടിച്ചത്.















