ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാമിൽ എത്തി. ഭീകരാക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് അതീവസുരക്ഷയിൽ അമിത് ഷാ പഹൽഗാമിലെത്തിയത്. ശ്രീനഗറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് എത്തിയത്. ഇതിന് ശേഷം മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിനോദസഞ്ചാരികളെയും സന്ദർശിക്കും.
ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം പഹൽഗാമിൽ എത്തിയത്. മാദ്ധ്യമങ്ങളെ ഉൾപ്പെടെ കടത്തിവിടാതെ അതീവസുരക്ഷ വലയത്തിലാണ് അമിത് ഷായുടെ സന്ദർശനം. ഇതിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരെ സന്ദർശിച്ച് വിശദമായ ചർച്ച നടത്തും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും.
ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം അമിത് ഷാ ശ്രീനഗറിൽ എത്തിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. പഹൽഗാം, അനന്തനാഗ് മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഭീകരർക്കായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.
സമാധാനം തല്ലിക്കെടുത്തുന്ന ഭീകരാക്രമണത്തിനെതിരെ ജമ്മുവിലെയും കശ്മീരിലെയും ആളുകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. പാകിസ്താന്റെ പതാക കത്തിച്ചും ഒമർ അബ്ദുള്ള സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തുന്നത്.