വെറും മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഭീകരാക്രമണം നടന്ന പഹൽഗാം സന്ദർശിച്ചിരുന്നുവെന്ന് ഗായകൻ ജി വേണുഗോപാൽ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെ പഹൽഗാം സന്ദർശനത്തെ കുറിച്ച് വേണുഗോപാൽ പറഞ്ഞത്. സമാനതകളില്ലാത്ത ക്രൂരതയാണ് ഉണ്ടാതയെന്നും വിനോദയാത്രികരുടെ പറുദീസ എന്ന പദവി കശ്മീരിന് നഷ്ടമാകുമോയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
“ദൈവമേ.. ABC valleys എന്ന് വിളിപ്പേരുള്ള പഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ വെറും മൂന്ന് ദിവസങ്ങൾ മുമ്പ് ട്രക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ?
ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും, വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശനിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്‌ക്കിടയ്‌ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും”- വേണുഗോപാൽ കുറിച്ചു.
അടുത്തിടെ വേണുഗോപാൽ അന്തരിച്ചു എന്ന തരത്തിൽ വ്യാജ പോസ്റ്റുകൾ പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരിച്ച് വേണുഗോപാൽ രംഗത്തുവരുകയും ചെയ്തു. വേണുഗോപാൽ പങ്കുവച്ച വീഡിയോയിൽ താനിപ്പോൾ കശ്മീരിലാണ് ഉള്ളതെന്നും ട്രക്കിംഗിന് പോവുകയാണെന്നും പറഞ്ഞിരുന്നു.















