ഷൈൻ ടോം ചാക്കോക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കി നടി പ്രിയങ്ക. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്നും പക്ഷേ, അത് നേരത്തെ ആകാമായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“ഞാൻ എപ്പോഴും പുരുഷന്മാരോടൊപ്പമാണ്. കാരണം പുരുഷന്മാർ ഒരുപാട് വേട്ടയാടപ്പെടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയാറുണ്ട്. എന്നാൽ പീഡനക്കേസ് വരുമ്പോൾ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റിനിർത്തുകയല്ലേ ചെയ്യുന്നത്. എന്നെ ഒരാൾ തൊട്ടാൽ ഞാൻ അപ്പോൾ പ്രതികരിക്കും. കുറെ നാൾ കഴിഞ്ഞിട്ടല്ല പറയുക. ഷൈൻ ടോം ചാക്കോക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഇതുവരെ ഷൈനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. ഷൂട്ടിംഗ് സമയത്ത് പെർഫെക്ടാണ്. സംഭവം നടക്കുന്ന സമയത്ത് തന്നെ പ്രതികരിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. അല്ലാതെ കുറെ കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല”.
വിൻസി പരാതിയായി പറഞ്ഞതാണെന്ന് തോന്നുന്നില്ല. താക്കീത് എന്ന നിലയിൽ മുന്നോട്ട് പോയതാകാമെന്നാണ് കരുതുന്നത്. നാളെ ഇതുപോലെ ആരും പെരുമാറരുത് എന്ന് കരുതിയായിരിക്കും ഇക്കാര്യം തുറന്നുപറഞ്ഞത്. വിൻസി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.