ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സിൽ വൈകീട്ട് ആറ് മണിക്കാണ് യോഗം.
യോഗത്തിൽ അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ രാഷ്‌ട്രീയ കക്ഷി നേതാക്കളെ സര്‍ക്കാര്‍ അറിയിക്കും.ഇന്നലെ കേന്ദ്ര മന്ത്രിസഭാസമിതിയുടെ യോഗത്തിലെടുത്ത തീരുമാനങ്ങൾ സർക്കാർ സര്‍വകക്ഷിയോഗത്തെ അറിയിക്കും. ഭീകരാക്രമണത്തിന് പാകിസ്താനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തൽ ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കും.
പഹല്‍ഗ്രാം ഭീകരാക്രമണത്തിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നു.
ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് തുടങ്ങിയ മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയാണ്.