ന്യൂഡൽഹി: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശം പ്രകാരമാണ് നടപടി. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന അക്കൗണ്ടാണ് കേന്ദ്രത്തിന്റെ ശക്തമായ നടപടിയെ തുടർന്ന് മരിവിപ്പിച്ചത്.
ഇന്ന് മുതൽ പാകിസ്താന്റെ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമാകില്ല. ഇന്ത്യയിലുള്ളവർക്ക് പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഐടി വിഭാഗം അറിയിച്ചു. ‘Account withheld’ എന്നാണ് എക്സ് അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്. പാകിസ്താനെതിരെ ഇനിയും ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന സുരക്ഷാ സമിതി യോഗത്തിന് ശേഷം കടുത്ത നിലപാടുകളാണ് പാകിസ്താനെതിരെ സ്വീകരിച്ചത്. ഇന്ത്യയുടെയും പാകിസ്താന്റെയും ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55-ൽ നിന്ന് 30 ആയി കുറച്ചു. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ നിന്ന് പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെ ഇന്ത്യ പുറത്താക്കി.
ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിലുള്ള ഏക കര അതിർത്തി പാതയായ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടൻ അടച്ചുപൂട്ടാൻ തീരുമാനമായി. പാകിസ്താൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് പദ്ധതി നിർത്തിവച്ചു. പാക് നയതന്ത്രജ്ഞർ ഒരാഴ്ചയ്‌ക്കുള്ളിൽ ഇന്ത്യ വിടണമെന്ന കർശന നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ഇതിന് ചുവടുപിടിച്ചാണ് പാകിസ്താന്റെ സോഷ്യൽമീഡിയയിലും ഇന്ത്യ കൈവച്ചിരിക്കുന്നത്.















