തിരുവനന്തപുരം: വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കിയെന്നും അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നുമാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ ചിത്രീകരണത്തിന് എത്തിച്ച കോ ഓർഡിനേറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോവളത്തെ റിസോർട്ടിൽ ഒന്നരമാസം മുമ്പാണ് മുകേഷ് എം നായരുടെ നേതൃത്വത്തിൽ റീൽസ് ചീത്രീകരണം നടന്നത്. മോഡലിംഗിന്റെ മറവിൽ കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നും കുട്ടിക്ക് ഇത് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതി പറയുന്നു. ചിത്രീകരണ സമയത്ത് സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയുണ്ട്.
മദ്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിന് മുകേഷ് നായർക്കെതിരെ മുൻപ് എക്സൈസും കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനായിരുന്നു കേസെടുത്തത്.















