തിരുവനന്തപുരം: സർ ചേറ്റൂർ ശങ്കരന്‍ നായരെ അവഹേളിച്ച് കോൺഗ്രസ് നേതാവും മുൻ കെ പി സി സി അദ്ധ്യക്ഷനുമായ കെ മുരളീധരൻ രംഗത്തു വന്നു. ചേറ്റൂർ ശങ്കരന്‍ നായർ ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാളെന്നും, നിസ്സഹകരണ സമരത്തെ ചേറ്റൂര്‍ എതിര്‍ത്തു എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന് ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന് സംശയം ഉണ്ടെന്നും പോലും കെ മുരളീധരൻ പറഞ്ഞു. അതിനായി ഗവേഷണം നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
മുൻ എ ഐ സി സി അദ്ധ്യക്ഷൻ ചേറ്റൂരിന്റെ സ്മരണാഞ്ജലി ദിനത്തിൽ കോൺഗ്രസ് അദ്ദേഹത്തെ ഇതേവരെ അനുസ്മരിക്കാത്തതിനെ ന്യായീകരിക്കുകയായിരുന്നു കെ മുരളീധരൻ.
ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാളെന്നതിനാലാണ് ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. “നിസ്സഹകരണ സമരത്തെ ചേറ്റൂര്‍ എതിര്‍ത്തു. പുസ്തകം എഴുതുമ്പോള്‍ ഗാന്ധിയന്‍ ആശയങ്ങളെ പൂര്‍ണ്ണമായും തള്ളി. ഗാന്ധിയന്‍ മൂല്യങ്ങളോട് ചേറ്റൂരിന്റെ വിയോജിപ്പാണ് അനുസ്മരണം ഒഴിവാക്കാന്‍ കാരണം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍.ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല” കെ മുരളീധരന്‍ പറഞ്ഞു. വിയോജിപ്പ് നിലനിര്‍ത്തി അനുസ്മരണം തുടരണം എന്നും കെ മുരളീധരന്‍ പറഞ്ഞു.
‘യോജിക്കാന്‍ കഴിയാത്ത നടപടികള്‍ ചേറ്റൂരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന് സംശയം. ഈ കാര്യത്തില്‍ ഒരു ഗവേഷണം ആവശ്യമാണ്’ കെ മുരളീധരന്‍ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികളെ ബിജെപി ദത്തെടുക്കുന്നു എന്നും കെ മുരളീധരൻ ആരോപിച്ചു. ആദ്യം വല്ലഭായ് പട്ടേലിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വര്‍ഗ്ഗീയവാദി ആയിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ഗാന്ധിജിയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച നേതാവാണ് ചേറ്റൂര്‍ എന്നും ധൈര്യത്തോടെ അഭിപ്രായം പറയാന്‍ കോണ്‍ഗ്രസ്സില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും ടി എന്‍ പ്രതാപനും പറഞ്ഞു.
കോണ്‍ഗ്രസ് അവഗണിച്ച ചേറ്റൂരിന്റെ ഓര്‍മ്മദിനം സ്മൃതിദിനമായി ആചരിക്കാൻ ബിജെപി തീരുമാനം എടുത്തിരുന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബങ്ങളെ പാലക്കാടും ഒറ്റപ്പാലത്തും എത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചേറ്റൂരിന്റെ ഓര്‍മ്മ ദിവസമായ ഈ മാസം 24ന് സ്മൃതിദിനം ആചരിക്കുവാൻ ബിജെപി തീരുമാനിച്ചത്.















