ചെന്നൈ: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ മയോണൈസ് നിരോധിച്ചു. പച്ചമുട്ട ചേർത്ത് തയാറാക്കുന്ന മയോണൈസാണ് നിരോധിച്ചത്. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരമാണ് നിരോധനം. സംസ്ഥാനത്ത് ഇനി ഒരു വർഷത്തേക്ക് മയോണൈസ് നിർമിക്കാനോ ഉപയോഗിക്കാനോ വിൽക്കാനോ പാടില്ലെന്നാണ് നിയമം.
മുട്ടയുടെ മഞ്ഞ, വെജിറ്റബിൾ ഓയിൽ, വിനാഗിരി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുമെന്ന് തമിഴ്നാട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മയോണൈസ് തയാറാക്കാൻ നിരവധി പേർ പച്ചമുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ചില പ്രത്യേകതരം ബാക്ടീരിയകൾ മയോണൈസിൽ അടങ്ങിയിട്ടുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് അപകടകരമാണെന്നും അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പറഞ്ഞു.
ഷവർമയ്‌ക്കും മറ്റ് ഫാസ്റ്റ് ഫുഡുകൾക്കും മയോണൈസ് ഉപയോഗിക്കുന്നത് വർദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ പല നഗരങ്ങളിലെ ചെറുകിട ഭക്ഷണശാലകളിലും മയോണൈസ് അമിതമായി ഉപയോഗിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.















