ന്യൂഡൽഹി: പാകിസ്താനികൾക്ക് വിസ നൽകുന്നത് സസ്‌പെൻഡ് ചെയ്‌ത് ഇന്ത്യ.
സാർക്ക് കരാർ പ്രകാരം നൽകിയ വിസകൾ റദ്ദാക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ കുടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം. എല്ലാം പാക് പൗരൻമാരുടെ വിസകളും റദ്ദാക്കിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ നൽകിയ വിസ ഞായറാഴ്ച റദ്ദാകും. മെഡിക്കൽ വിസകൾ ചൊവ്വാഴ്ച റദ്ദാകുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ പൗരൻമാരോട് എത്രയും വേഗം മടങ്ങിവരാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻമാർ പാകിസ്താനിലേക്ക് യാത്ര വിലക്കും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിലാണ് നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനമുണ്ടായത്.
അതേസമയം ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതികരണവുമായി പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. ഷിംല കരാറിൽ നിന്നും പിൻമാറുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ വ്യോമമേഖലയെ അടക്കുമെന്നും വിവരവും പുറത്ത് വരുന്നുണ്ട്. സിന്ധു നദിജലകരാർ റദ്ദാക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ 1972 ൽ ഒപ്പിട്ട ഷിംല കരാർ ഇന്ത്യയ്‌ക്ക് തിരിച്ചടിയാകില്ലെന്ന് വിദേശകാര്യ വിദ്ഗധർ ചൂണ്ടിക്കാട്ടി. എന്നാൽ സിന്ധു നദിജല കരാർ റദ്ദാക്കുന്നത് പാകിസ്താന് കനത്ത തിരിച്ചടി നൽകും. യുദ്ധസമയത്ത് പോലും കരാറിൽ നിന്നും ഇന്ത്യ പിന്നോട്ട് പോയിട്ടില്ല. ഇപ്പോഴത്തെ നീക്കം പാക് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുമെന്നും വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.















