ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ രോഷം തിളച്ചുമറിയുമ്പോൾ, നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യ. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അട്ടാരി അതിർത്തിയുടെ കവാടങ്ങൾ തുറക്കുകയോ പാകിസ്താൻ റേഞ്ചേഴ്‌സുമായി പതിവ് ഹസ്തദാനം നടത്തുകയോ ചെയ്യാതെ തങ്ങളുടെ അമർഷം പ്രകടമാക്കി.
ഇരുവശത്തുനിന്നും നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ സൈനിക പരേഡ് കമാൻഡർ പാകിസ്താൻ സൈനികർക്ക് ഹസ്തദാനം നൽകുന്നതിൽ നിന്ന് വിട്ടുനിന്നു. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് 1959 മുതൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു ആചാരമാണ്. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, എല്ലാ വൈകുന്നേരവും അട്ടാരി-വാഗ അതിർത്തിയിൽ ഇരു സേനകളും അതിർത്തി കവാടങ്ങൾ തുറക്കുകയും ആചാരപരമായ ഹസ്തദാനം നടത്തുകയും ചെയ്യുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ പൊലിഞ്ഞതിനുപിന്നാലെയാണ് ഇതിനി വേണ്ടെന്ന നിലപാട് ബിഎസ്എഫ് സ്വീകരിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ അഞ്ച് പ്രധാന നയതന്ത്ര തീരുമാനങ്ങൾ ഇന്ത്യ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി മോദി സർക്കാർ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു. അട്ടാരി അതിർത്തി അടച്ചു, ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവിട്ടു, ഇസ്ലാമാബാദിലെ ഇന്ത്യൻ മിഷനിലെയും ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെയും ജീവനക്കാരെ കുറച്ചു. ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിലുള്ള ഏക പ്രവർത്തനക്ഷമമായ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റും ഉടനടി പ്രാബല്യത്തിൽ അടച്ചു.