കൊച്ചി: കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ വസതി സന്ദർശിച്ച് സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണൻ. ഭർത്താവിന്റെ വിയോഗ ദുഖത്തിലാണെങ്കിലും രാമചന്ദ്രന്റെ ഭാര്യ ഷീല, രാമചന്ദ്രന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ” എന്ന ഗണഗീതം ആലപിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ കുട്ടിക്കാലം മുതൽ തന്നെ ഒരു സജീവ സ്വയംസേവകനായിരുന്നുവെന്നും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനമാണ് അതെന്നും ഭാര്യ പറഞ്ഞു. ഇന്ന് ഭൗതിക ശരീരം വീട്ടിലെത്തിക്കുമ്പോൾ എല്ലാവരും ചേർന്ന് ഇത് ആലപിക്കണമെന്നും ഒപ്പം തനിക്കും പാടണമെന്നും ഷീല പറഞ്ഞു.
ആർഎസ്എസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ദേശഭക്തനായിരുന്ന രാമചന്ദ്രന് അർഹിക്കുന്ന അന്ത്യാഞ്ജലി നൽകുന്ന നിലപാടാണ് ഏറെ ദുഖത്തിലിരിക്കുന്ന സമയത്തും ഭാര്യ സ്വീകരിച്ചതെന്ന് എ ഗോപാലകൃഷ്ണൻ പറഞ്ഞു. ബന്ധുവും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.ഇന്ദുചൂഡൻ, ആർഎസ്എസ് ജില്ലാ കാര്യവാഹ് രമേശ്, രാജേന്ദ്രൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.