ന്യൂഡൽഹി: പഹൽഗാം ഭീകരരെ പുകഴ്‌ത്തി പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. പഹൽഗാം ഭീകരൻമാരെ സ്വതന്ത്ര്യസമരസേനാനികൾ എന്നാണ് വിദേശകാര്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന ഇഷാഖ് ദാർ വിശേഷിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ ഇന്ത്യ പാകിസ്താനെ വെറുതെ കുറ്റപ്പെടുത്തുകയാണെന്നും ഇഷാഖ് ദാർ പറഞ്ഞു. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിച്ഛേദിച്ചതിന് പിന്നാലെയാണ് ഇഷാഖ് ദാറിന്റെ പ്രതികരണം.
യുദ്ധകാലത്ത് പോലും ഇന്ത്യ സിന്ധു നദിജല കരാർ റദ്ദാക്കിയിരുന്നില്ല. മറ്റേത് നടപടികളേക്കാളും കരാർ മരവിപ്പിച്ചതാണ് പാകിസ്താനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. അതിനാൽ തന്നെയാണ് നടപടിയെ യുദ്ധസമാനമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്.
സിന്ധുനദീജല കരാർ മരവിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രജലശക്തി മന്ത്രാലയം പാകിസ്താൻ ജലവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. ഭീകരതയ്‌ക്ക് ചെല്ലുംചെലവും കൊടുത്ത് വളർത്തുന്ന പാകിസ്താന് തടയിടാൻ, അവരുടെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ നദീജല ഉടമ്പടി മരവിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.