ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി താൻ നേരിടുന്ന വ്യാപകമായ വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ജാവലിൻ മത്സരമായ നീരജ് ചോപ്ര ക്ലാസിക്കിലേക്ക് പാകിസ്താൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ക്ഷണിച്ചതാണ് നീരജിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇടയാക്കിയത്.
അർഷാദിന്റെ ക്ഷണിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും രാജ്യത്തെ മുഴുവൻ നടുക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചും ഒരു നീണ്ട പ്രസ്താവന നീരജ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്തു. അർഷാദിനുള്ള ക്ഷണം ഒരു അത്‌ലറ്റ് മറ്റൊരു അത്‍ലറ്റിന് നൽകുന്നത് മാത്രമായിരുന്നെന്നും ക്ഷണക്കത്ത് അയച്ചത് പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസം മുൻപായിരുന്നുവെന്നും നീരജ് ചൂണ്ടിക്കാട്ടി.
എന്നിട്ടും ഒരു യുക്തിയുമില്ലാത്ത സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യം വെക്കുന്നത് വേദനാജനകമാണെന്ന് താരം പറഞ്ഞു. “ഇത്രയും വർഷങ്ങളായി ഞാൻ എന്റെ രാജ്യത്തെ അഭിമാനത്തോടെ കൊണ്ടുനടന്നു,. എന്നിട്ടും എന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്. ഒരു കാരണവുമില്ലാതെ എന്നെയും എന്റെ കുടുംബത്തെയും ലക്ഷ്യം വെക്കുന്ന ആളുകളോട് ഞാൻ എന്നെത്തന്നെ വിശദീകരിക്കേണ്ടിവരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഞങ്ങൾ ലളിതമായി ജീവിക്കുന്നവരാണ്. ദയവായി ഞങ്ങളെ മറ്റൊന്നുമാക്കരുത്. ചില മാധ്യമങ്ങൾ എനിക്ക് ചുറ്റും സൃഷ്ടിച്ച നിരവധി തെറ്റായ വിവരണങ്ങളുണ്ട്, പക്ഷേ ഞാൻ പ്രതികരിക്കുന്നില്ല എന്ന കാരണത്താൽ അത് സത്യമാകുന്നില്ല,” നീരജ് പറഞ്ഞു
പാരീസ് സ്വർണം നേടിയതിന് ശേഷം നദീമിനെ തന്റെ മകനെന്ന് വിശേഷിപ്പിച്ച അമ്മയുടെ ഒരുവർഷം മുൻപുള്ള പരാമർശം പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ചിലർ ബോധപൂർവം വീണ്ടും ചർച്ചയാക്കി മാറ്റുന്നുവെന്നും അന്ന് പ്രശംസിച്ചവർ തന്നെയാണ് ഇന്ന് വിമർശിക്കുന്നതെന്നും നീരജ് ചോപ്ര പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച നീരജ് ഇന്ത്യ ഇതിന് ശക്തമായ മറുപടി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.















