മുംബൈ: രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലാഭമെടുപ്പ്. നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റതോടെ സെന്‍സെക്‌സ് രാവിലെ 1148 പോയന്റ് ഇടിഞ്ഞ് 78,652 ല്‍ എത്തി. നിഫ്റ്റി 379.35 പോയന്റ് ഇടിഞ്ഞ് 23,867.35 ല്‍ എത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് രാഷ്‌ട്രീയ സംഘര്‍ഷം വര്‍ധിച്ചത് ഇടിവിന് കാരണമായി. ഇതിനോടൊപ്പം 7 സെഷനുകളിലെ മുന്നേറ്റത്തിന് ശേഷം നിക്ഷേപകര്‍ ലാഭമെടുത്തതും സൂചികകളെ പിന്നോട്ടടിപ്പിച്ചു.
എന്നാല്‍ ഉച്ചയോടെ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് ദൃശ്യമായി. 600 പോയന്റ് മെച്ചപ്പെടുത്തിയ സെന്‍സെക്‌സ് 79,250 വരെ തിരിച്ചു കയറി. നിഫ്റ്റി 200 പെയന്റ് തിരിച്ചു പിടിച്ച് 24050 ല്‍ എത്തി. 24000 ലെവലില്‍ നിഫ്റ്റിയില്‍ കനത്ത സമ്മര്‍ദ്ദമുണ്ട്.
അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ 2 ശതമാനത്തിലേറെ താഴേക്കു പോയി.
ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥകള്‍ വിപണിക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
യുഎസ് വിപണിയും ഏഷ്യന്‍ വിപണികളും മുന്നേറിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രതിഫലിച്ചില്ല. യുഎസ് സൂചികയായ എസ് ആന്‍ഡ് പി 500, 2% നേട്ടത്തോടെ 5484.77 ല്‍ എത്തി. നാസ്ഡാക് 2.74% മുന്നേറി 17,166 ല്‍ എത്തി. ഡൗ ജോണ്‍സും 1.23% മുന്നേറി.















