എറണാകുളം: ഒരു വയസുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ പുറത്തെടുത്തു. കുഞ്ഞിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് പിൻ കണ്ടെത്തിയത്. നാല് സെന്റീമീറ്റർ നീളമുള്ള പിൻ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എറണാകുളം വിപിഎസ് ലേക് ഷോർ ആശുപത്രിയിലാണ് ശസ്ത്രിക്രിയ നടന്നത്.
കളിച്ചുകൊണ്ടിരിക്കവെയാണ് കുഞ്ഞ് പിൻ വായിലേക്കിട്ടത്. തുടർന്ന് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ കുഞ്ഞിനെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന് എക്സ്റേ നടത്തി. തുടർന്നാണ് ശ്വാസനാളത്തിൽ കുടുങ്ങിയ നിലയിൽ പിൻ കണ്ടെത്തിയത്. അപകടസാധ്യത കണക്കിലെടുത്ത് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുകയായിരുന്നു.
അടിയന്തരഘട്ടങ്ങളിൽ നടത്തുന്ന ബ്രോങ്കോസ്കോപ്പിക്കാണ് കുഞ്ഞിന് നടത്തിയത്. ആശുപത്രിയിലെ പൾമണറി ക്രിട്ടിക്കൽ കെയർ സ്ലീപ്പ് മെഡിസിൻ വകുപ്പിലെ കൺസൺട്ടന്റായ ഡോക്ടർ മുജീബ് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.