തിരുവനന്തപുരം : വഞ്ചിയൂർ ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഡോഗ് സ്ക്വാഡും പൊലീസും എത്തി പരിശോധന നടത്തി. ജീവനക്കാരെ പൂർണമായും ഒഴിപ്പിച്ചാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് തിരുവനന്തപുരം ജില്ലയിൽ മാത്രം ബോംബ് ഭീഷണി ഉണ്ടാവുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കോടതിക്കുള്ളിലും പരിസരപ്രദേശത്തും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ലെങ്കിലും സ്ഥലത്ത് പരിശോധന തുടരുകയാണ്. രണ്ടാഴ്ച മുമ്പും ബോംബ് വച്ചിട്ടുണ്ടെന്ന തരത്തിൽ സന്ദേശം വന്നിരുന്നു. അതേദിവസം തന്നെ ആറ്റിങ്ങൽ കോടതിയിലും കൊല്ലം ജില്ലാ കോടതിയിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് വിവരം.















