ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ കേന്ദ്രത്തെ അറിയിക്കണമെന്നും അമിത് ഷാ നിർദേശിച്ചു.
പാകിസ്താനികളെ ഇന്ത്യയിൽ നിന്ന് തിരികെ അയയ്‌ക്കുന്നതിന് വേണ്ട നടപടികൾ ഉടനടി കൈക്കൊള്ളണമെന്ന് അമിത് ഷാ നിർദേശിച്ചു. പാക് പൗരന്മാർ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ അനുവദിച്ചിട്ടുള്ള വിസയ്‌ക്ക് ഏപ്രിൽ 27 വരെ മാത്രമേ കാലാവധിയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെയായിരിക്കും കാലാവധി. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് അമിത് ഷായുടെ വസതിയിൽ യോഗം ചേരും. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സിന്ധു നദീജല കരാർ റദ്ദാക്കുന്നതിനെ കുറിച്ച് പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.















