ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ (Indus Waters Treaty ) റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാൻ കൂടിയായ ഭൂട്ടോ ഭീഷണിപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ പാകിസ്താന് മേൽ പഴിചാരുകയാണ് ഇന്ത്യയെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധത്തിനും വിരാമം കുറിച്ചുള്ള ഇന്ത്യൻ നടപടികളുടെ പശ്ചാത്തലത്തിലാണ് ഭൂട്ടോയുടെ വാവിട്ട വാക്ക്.
സിന്ധു നദി ഞങ്ങളുടേതാണ്. ഇക്കാര്യം ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു. സിന്ധു നദി എന്നെന്നും ഞങ്ങളുടേതായിരിക്കും. സിന്ധുവിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോരയൊഴുകും. – ഭൂട്ടോ പറഞ്ഞു.
നദീജല കരാർ പ്രകാരം പാകിസ്താന് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു ശ്രമവും യുദ്ധക്കുറ്റമായി കണക്കാക്കുമെന്നാണ് പാക് നിലപാട്. സിന്ധു നദീജല കരാർ പാകിസ്താന്റെ ജലസുരക്ഷയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും നിർണായകമാണെന്നും അതിന്റെ പവിത്രത സംരക്ഷിക്കുന്നതിനും സുഗമമായ നടപ്പാക്കലിനും ഉചിതമായ നടപടികളും സ്വീകരിക്കുമെന്നും പാകിസ്താൻ പറഞ്ഞു.
എന്നാൽ അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണച്ച പാകിസ്താന് അതിശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി. സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവയ്‌ക്കുകയും അട്ടാരി ലാൻഡ്-ട്രാൻസിറ്റ് പോസ്റ്റ് അടച്ചുപൂട്ടുകയും ചെയ്തതുൾപ്പെടെ നിരവധി നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്. സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പാകിസ്താന് ഇന്ത്യ കൈമാറി. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിൻമാറിയേക്കുമെന്നാണ് സൂചന.















