ദിസ്പൂർ: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ആറ് ബംഗ്ലാദേശികൾ പിടിയിൽ. അസമിലെ ശ്രീഭൂമിയിലാണ് ഒരു സ്ത്രീ ഉൾപ്പെടെ ആറംഗ സംഘം പിടിയിലായത്. എംഡി മോനിർ, എംഡി അഹിദുൽ സെയ്ഖ്, അസീസുൾ സെയ്ഖ്, റോക്കിയ ബീബി, എംഎച്ച് അഹാഷാൻ ഉല്ലാ, എംഡി ഹരേഷ് എന്നിവരാണ് അറസ്റ്റിലായത്.
നുഴഞ്ഞുകയറ്റം വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. അതിർത്തി കടക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അസമിലേക്ക് കടന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് തുടർനടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണ് അതിർത്തിക്ക് സമീപത്തായി ബംഗ്ലാദേശികളെ കണ്ടെത്തിയത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബംഗ്ലാദേശികളെ പിടികൂടിയത്.















