കൊച്ചി: എക്സാലോജിക് ഇടപാടിൽ വീണാ വിജയന് സ്വന്തം മൊഴി തന്നെ കുരുക്കാകുന്നു. സിഎംആർഎല്ലി ന് സേവനം നൽകിയിട്ടില്ലെന്നായിരുന്നു വീണയുടെ മൊഴി. സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് ഈ മൊഴി. SFIO കുറ്റപത്രത്തിലാണ് നിർണ്ണായക വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ അന്തിമ കുറ്റപത്രം വിവിധ കേന്ദ്ര ഏജൻസികൾക്ക് SFIO കൈമാറി.
എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മാസാമാസം 3 ലക്ഷം രൂപ കമ്പനിയുടെ പേരിലും 5 ലക്ഷം വീതം സ്വന്തം പേരിലും കൈപ്പറ്റിയതെ ന്നായിരുന്നു വീണയോട് അന്വേഷണ ഏജൻസിയുടെ ചോദ്യം. ഏതെങ്കിലും തരത്തിലുള്ള ഐടി സേവനങ്ങൾ സിഎംആർഎല്ലിന് തങ്ങളുടെ കമ്പനി നൽകിയിട്ടില്ലെന്നായിരുന്നു വീണയുടെ മറുപടി.
നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി ,ആർബിഐ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവർക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ SFIO കൈമാറിയത്.
വീണ അടക്കമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് SFIO എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആർഎല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ കണ്ടെത്തിയത്.















