ദിസ്പൂർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയുമായെത്തിയ എട്ട് പേർ അറസ്റ്റിൽ. എംഎൽഎ അടക്കമുള്ളവരെയാണ് അസം പൊലീസ് പിടികൂടിയത്. അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (AIUDF) ജനപ്രതിനിധിയാണ് അറസ്റ്റിലായ എംഎൽഎ. നൈഗാവ് MLA മുഹമ്മദ് അമിനൂൾ ഇസ്ലാം ആണ് രാജ്യവിരുദ്ധ പരാമർശത്തിന് പിന്നാലെ അറസ്റ്റിലായത്. പിടിയിലായ ബഹുഭൂരിപക്ഷം പേരും സോഷ്യൽമീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരാണ്.
2019ലെ പുൽവാമ ആക്രമണവും ചൊവ്വാഴ്ച നടന്ന പഹൽഗാം ആക്രമണവും കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു AIUDF എംഎൽഎ പറഞ്ഞത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയതിനാണ് ജനപ്രതിനിധിയെ പൊലീസ് പിടികൂടിയത്. അതേസമയം അമിനൂൾ ഇസ്ലാമിന്റെ പ്രസ്താവന AIUDFന്റെ ഔദ്യോഗിക നിലപാടല്ലെന്ന് പറഞ്ഞ് പാർട്ടി അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ തടിതപ്പി.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെ പിന്തുണയ്ക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്ന ഒരാളെയും വച്ചുപൊറുപ്പിക്കില്ലെന്നും നിയമത്തിന് മുൻപിലെത്തിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചു.
രാജ്യവിരുദ്ധ പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നവരെ പിടികൂടാൻ പഴുതടച്ച നിരീക്ഷണമാണ് അസം പൊലീസ് നടത്തുന്നത്. യുദ്ധകാഹളം മുഴക്കുന്ന വിധം പാകിസ്താൻ നടത്തുന്ന പ്രകോപനപരമായ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് അസം നടപടി കടുപ്പിച്ചത്.















