തിരുവനന്തപുരം: നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സിഎംആർഎല്ലിന് യാതൊരു സേവനം നൽകാതെ പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ ഷോൺ ജോർജിന്റെ പ്രതികരണം. മാസപ്പടി കേസിലെ ഹർജിക്കാരനാണ് ഷോൺ ജോർജ്. ഷോൺ ജോർജ് മുന്നിട്ടറങ്ങി നടത്തിയ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് മാസപ്പടി ഇടപാട് പുറത്ത് വന്നത്.
” ഇന്നലെയാണ് എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റ കോപ്പി കോടതിയിൽ നിന്നും ലഭിച്ചത്. ഒരു സേവനവും സിഎംആർഎല്ലിന് നൽകിയില്ലെന്ന് വിണയും എക്സാലോജിക്കിന്റെ ഉദ്യോഗസ്ഥരും സിഎംആർഎല്ലിന്റെ ഐടി ഹെഡും മൊഴി നൽകിയിട്ടുണ്ട്. അത് കൃത്യമായി തന്നെ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിലുണ്ട്.
ഇത് കമ്പനികൾ തമ്മിലുള്ള ഇടപാടാണ് എന്നാണ് നാളിതുവരെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവർത്തിച്ചത്. മറ്റുള്ളവർക്ക് അതിൽ കാര്യമില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും സേവനം കൊടുത്തിന് ടാക്സ് അടച്ചിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ഇക്കാര്യത്തിൽ ഇനി ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാൻ താൽപ്പര്യമുണ്ട്.
സേവനം നൽകാതെയാണ് 1.72 കോടി വീണ വാങ്ങിയത്. കൂടാതെ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഒരു കോടിയോളം രൂപ വീണയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് തിരികെ നൽകിയിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്, ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
സേവനം നൽകിയില്ലെന്ന് വീണ തന്നെ ക്യത്യമായി മൊഴി നൽകിയ സാഹചര്യത്തിൽ നാണം എന്നൊന്നുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ തൽസ്ഥാനം രാജിവെയ്‌ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.















