ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യയിലെ ആർമി നേഴ്‌സിങ് കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്താൻ ഹാക്കർമാർ. പാകിസ്താൻ ആസ്ഥാനമായുള്ള ഹാക്കർ ഗ്രൂപ്പായ ‘ടീം ഇൻസെയ്ൻ പികെ’ ആണ് ആർമി കോളേജ് ഓഫ് നഴ്‌സിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റിൽ ഹാക്കർമാർ ദ്വിരാഷ്‌ട്ര സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രകോപനപരമായ ഒരു സന്ദേശം പങ്കിട്ടിട്ടുണ്ട്.
“നമ്മുടെ മതവും ആചാരങ്ങളും വിശ്വാസങ്ങളും തമ്മിൽ മൈലുകൾ അകലെയാണ്, അത് ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു. ദ്വിരാഷ്‌ട്ര സിദ്ധാന്തം വെറുമൊരു ആശയമായിരുന്നില്ല, സത്യമാണ്… ഞങ്ങൾ മുസ്ലീങ്ങളാണ്, നിങ്ങൾ ഹിന്ദുക്കളാണ്. അല്ലാഹു ഞങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ മതം നിങ്ങളെ രക്ഷിക്കില്ല, പക്ഷേ അത് നിങ്ങളുടെ മരണത്തിന് കാരണമാകും… ഞങ്ങൾ വളരെ ഉന്നതരും ശക്തരുമാണ്,” വെബ്‌സൈറ്റിലെ സന്ദേശം ഇങ്ങനെയായിരുന്നു.
നഴ്‌സിംഗ് സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നതാണെന്നും സൈബർ ആക്രമണം കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (CERT-In) ബന്ധപ്പെട്ടിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ പാകിസ്താനെതിരെ കർശന നടപടികൾ സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് സൈബർ ആക്രമണം. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്‌ക്കുക, പാകിസ്താൻ വിസകൾ റദ്ദാക്കുക, ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേഷ്ടാക്കളെ പുറത്താക്കുക എന്നിങ്ങനെയുള്ള നടപടികൾ ഇന്ത്യ കൈക്കൊണ്ടിരുന്നു.















