തിരുവനന്തപുരം: 140 കോടി രൂപയുടെ ലോകബാങ്ക് സഹായം സംസ്ഥാന സർക്കാർ വകമാറ്റി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാർഷിക മേഖലയുടെ നവീകരണത്തിനായി നടപ്പാക്കുന്ന ‘കേര പദ്ധതി’യ്‌ക്ക് അനുവദിച്ച പണമാണ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത്. ഫണ്ട് ദുരുപയോഗം സംബന്ധിച്ച് അന്വേഷിക്കാൻ ലോക ബാങ്ക് സംഘം മെയ് അഞ്ചിനെത്തും.
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനാണ് കേര പദ്ധതി ആവിഷ്ക്കരിച്ചത്. കാർഷിക മേഖയിൽ ആധുനികവൽക്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തുടങ്ങി വിപുലമായ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട തയ്യാറാക്കിയത്. ഈ പദ്ധതിക്കായി ലോകബാങ്ക് അനുവദിച്ച ആദ്യഘഡുവാണ് വകമാറ്റിയത്. 139.66 കോടി രൂപയാണ് ആദ്യഘട്ടമായി ലോകബാങ്ക് സംസ്ഥാന ട്രഷറിയിലേക്ക് നൽകിയത്.
ട്രഷറിയിൽ എത്തിയ പണം ഒരാഴ്ചയ്‌ക്കുള്ളിൽ പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് കരാർ വ്യവസ്ഥ. അഞ്ചാഴ്ചയായിട്ടും തുക പദ്ധതിയിലേക്ക് മാറ്റാൻ സംസ്ഥാനം തയ്യാറായില്ല. കരാർ ലംഘനം ശ്രദ്ധയിപ്പെട്ടതോടെയാണ് ലോകബാങ്ക് സംഘം പരിശോധനയ്‌ക്ക് എത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം കടന്നുപോകുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ പല വകുപ്പുകളിൽ നിന്നും പണം വകമാറ്റിയാണ് ധനവകുപ്പ് ട്രഷറിയിൽ എത്തിച്ചിരുന്നു. ലോകബാങ്ക് നൽകിയ 140 കോടിയും ഇതിൽ ഉൾപ്പെടും.
കരാർ ലംഘനം അതീവ ഗൗരവത്തോടെയാണ് ലോകബാങ്ക് നോക്കിക്കാണുന്നത്. ഇത് ഭാവിയിൽ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാം പദ്ധതികളെയും ബാധിക്കും. ഒപ്പം കേരളത്തിന് നൽകുന്ന റേറ്റിംഗിനെയും.
2,366 കോടി രൂപയാണ് കേര പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1,656 കോടി ലോകബാങ്ക് സഹായമാണ്. ഇതിലെ ആദ്യ ഗഡുവായിരുന്നു 140 കോടി. ബാക്കി തുക അഞ്ച് വർഷം കൊണ്ട് ലോകബാങ്ക് കൈമാറുമെന്നാണ് വ്യവസ്ഥ. കരാറിൽ വീഴ്ച വരുത്തയതോെ ഈ പണം ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു.















