മുംബൈ: ഇന്ത്യക്കാര്‍ ബുക്ക് ചെയ്ത മോഡല്‍ 3 കാറുകളുടെ ബുക്കിംഗ് തുക തിരിച്ചുനല്‍കി യുഎസ് ഇവി വമ്പനായ ടെസ്‌ല. 2016 ല്‍ മോഡല്‍ 3 കാറുകള്‍ക്കായി ബുക്ക് ചെയ്ത ആളുകളുടെ റിസര്‍വേഷന്‍ പണമാണ് കമ്പനി തിരികെ നല്‍കിയത്. തല്‍ക്കാലം പണം തിരികെ നല്‍കുകയാണെന്നും ഇന്ത്യക്കു വേണ്ടിയുള്ള കാറുകളുമായി വിപണിയിലേക്ക് വീണ്ടും എത്തുമെന്നും ആ സമയത്ത് ഒപ്പം ചേരണമെന്നും കമ്പനി അയച്ച ഇ-മെയ്ല്‍ സന്ദേശത്തില്‍ പറയുന്നു.
മോഡല്‍ 3 യുടെ പഴയ തലമുറ മോഡലുകള്‍ ടെസ്‌ല ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഉയര്‍ന്ന താരിഫുകള്‍ മൂലം ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കുന്നത് ടെസ്‌ലക്ക് ഇതുവരെ ലാഭകരമായിരുന്നില്ല. താരിഫുകള്‍ വെട്ടിക്കുറച്ചതും ഇന്ത്യയില്‍ ഉല്‍പ്പാദനശാല ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനവും കമ്പനിയെ ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുകയാണ്.
വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ആദ്യ മോഡല്‍ ടെസ്‌ല അവതരിപ്പിക്കുമെന്നാണ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനുള്ള തീരുമാനം സൂചിപ്പിക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഓട്ടോമൊബൈല്‍ ഇറക്കുമതി താരിഫുകള്‍ വീണ്ടും കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ടെസ്‌ലയുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തിന് ഇതും ആക്കം കൂട്ടും. താരിഫ് കുറയുന്നതോടെ ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് ദീര്‍ഘകാല തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സാധിക്കും. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 4000 ചതുരശ്ര അടി വരുന്ന ഷോറൂം സ്‌പേസ് കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്.
മോഡല്‍ വൈയില്‍ എന്‍ട്രി?
മോഡല്‍ വൈയുമായാവും ഇന്ത്യയിലേക്ക് ടെസ്‌ല കടന്നു വരികയെന്നാണ് സൂചന. ഇന്ത്യന്‍ നിരത്തുകളില്‍ മോഡല്‍ വൈയുടെ ഏറ്റവും നവീന കാറുകള്‍ ടെസ്‌ല ടെസ്റ്റ് ഡ്രൈവ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മുംബൈ-പുനെ എക്‌സ്പ്രസ് വേയില്‍ മോഡല്‍ വൈ ഫേസ്‌ലിഫ്റ്റ് പരീക്ഷണ ഓട്ടം നടത്തി. മോഡല്‍ 3 ഹൈലാന്‍ഡിനോട് ഡിസൈനില്‍ സാമ്യതയുള്ള കാറാണ് പുതിയ മോഡല്‍ വൈ. മോഡല്‍ വൈയുടെ ആര്‍ഡബ്ല്യുഡി മോഡല്‍ 719 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നതാണ്. എഡബ്ല്യുഡി മോഡല്‍ 662 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്. ഏകദേശം 70 ലക്ഷം രൂപയോളമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില. ഇതുവരെ ഇക്കാര്യങ്ങളില്‍ ടെസ്‌ലയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.















