ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിൽ ഇന്ത്യ ചുമത്തിയ ആരോപണങ്ങളിൽ വെള്ളപൂശാനുള്ള കഠിന ശ്രമത്തിലാണ് പാക് സർക്കാർ. ഇതിനിടെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് പുതിയ തലവേദന സൃഷ്ടിക്കുന്നത് സ്വന്തം പൗരന്മാർ തന്നെയാണ്. ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ടതോടെ പാകിസ്താനികൾ സ്വന്തം സർക്കാരിനെതിരെ ട്രോളുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.
പാകിസ്താൻ ജനത നേതൃത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പഹൽഗാം ആക്രമണത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് മീമുകളിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും അവർ തങ്ങളുടെ സർക്കാരിനെതിരായ നിരാശ പ്രകടിപ്പിച്ചു. ന്യൂഡൽഹിയുടെ പാകിസ്താനെതിരായ നീക്കത്തിൽ ഇന്ത്യക്കാരോടുള്ള പ്രതികരണമെന്ന നിലയ്‌ക്കാണ് പാകിസ്താനികൾ ട്രോളുകൾ പടച്ചുവിടുന്നത്. സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ നർമ്മത്തെ കൂട്ടുപിടിച്ച് അവർ പാകിസ്താനിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ യുദ്ധവെല്ലുവിളികൾ ഉയരുമ്പോൾ, തങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, അത്തരമൊരു സംഘർഷം താങ്ങാനാകുമോ എന്ന് പാകിസ്താനികൾ ആശങ്കാകുലരാണ്. ഇന്ത്യക്കാർക്ക് പാകിസ്താനുമായി യുദ്ധം വേണമെങ്കിൽ, ഒമ്പത് മണിക്ക് മുമ്പ് അത് പൂർത്തിയാക്കണമെന്ന് ഒരു ഉപയോക്താവ് എക്‌സിൽ പരിഹാസത്തോടെ നിർദ്ദേശിച്ചു. കാരണം അതിനുശേഷം ഗ്യാസ് വിതരണം നിലയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഭക്ഷണം, വെള്ളം, ഭിക്ഷ ഇപ്പോൾ ഗ്യാസ്.” “അവർ ഒരു ദരിദ്ര രാഷ്‌ട്രത്തോടാണ് യുദ്ധം ചെയ്യുന്നതെന്ന് അവർ അറിയണം,” രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.
ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെയും പാകിസ്ഥാനിലേക്കുള്ള നദീജലപ്രവാഹം തടയുമെന്ന് മുന്നറിയിപ്പ് നല്കിയതിനെയും പരാമർശിച്ചുകൊണ്ട്, പാകിസ്താനിൽ തന്നെ ജലക്ഷാമമുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. “വെള്ളം നിർത്തണോ? എന്തായാലും വിതരണമില്ല. ഞങ്ങളെ കൊല്ലണോ? നമ്മുടെ സർക്കാർ ഇതിനകം തന്നെ ഞങ്ങളെ കൊല്ലുകയാണ്. നിങ്ങൾ ലാഹോർ എടുക്കുമോ? അരമണിക്കൂറിനുള്ളിൽ നിങ്ങൾ അത് തിരികെ നൽകും,” അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു.
പാകിസ്താൻ വ്യോമസേനയെ ട്രോൾ ചെയ്യുന്ന മറ്റൊരു മീം ഒരു പാകിസ്താൻ ഉപയോക്താവ് പങ്കിട്ടു. ഇന്ത്യൻ വ്യോമസേനയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും പഹൽഗാം ആക്രമണത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഒരു ഇന്ത്യൻ ഉപയോക്താവിന് മറുപടിയായി, പേപ്പർബോർഡ് കൊണ്ട് നിർമ്മിച്ച ഒരു ഫൈറ്റർ ജെറ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ഓടിക്കുന്ന പാകിസ്താനിയുടെ മീം അദ്ദേഹം പങ്കിട്ടു.