ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങൾ നിർദ്ദേശങ്ങൾക്ക് നൽകി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ദേശീയ സുരക്ഷ മുൻനിർത്തിയുളള പ്രതിരോധ പ്രവർത്തങ്ങളുടെയും സേന നീക്കങ്ങളുടെയും തൽസമയം സംപ്രേക്ഷണം പാടില്ലെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഊഹാപോഹങ്ങൾ ഔദ്യോഗിക വിവരങ്ങളായി പ്രചരിപ്പിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം.
കാർഗിൽ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാർ വിമാന റാഞ്ചൽ തുടങ്ങിയ സമയത്തെ തൽസമയ സംപ്രേക്ഷണം ദേശീയ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വാർത്ത ഏജൻസികളും മാദ്ധ്യമങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തയ്യാറാകണം. രാജ്യസുരക്ഷ കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സുരക്ഷാ സേന നടത്തുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തത്സമയ കവറേജ് ഉൾക്കൊള്ളുന്ന ഒരു പരിപാടിയും സംപ്രേഷണം ചെയ്യാൻ പാടില്ല. അത്തരം സംപ്രേഷണം 2021 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (ഭേദഗതി) ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.















