കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാനൊരുങ്ങുന്നതിനിടെ പിടിയിലായ യുവസംവിധായകർക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ഫെഫ്ക. ലഹരി ഉപഭോഗത്തിന്റെ പേരിൽ പിടിക്കപ്പെടുന്ന സിനിമാപ്രവർത്തകർക്കെതിരെ വലിപ്പചെറുപ്പമില്ലാതെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ വ്യക്തമാക്കി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ സംവിധായകർ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും സസ്പെൻഡ് ചെയ്യുമെന്നും ഫെഫ്ക വ്യക്തമാക്കി. കഴിഞ്ഞ മാസം ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെതിരെ ഫെഫ്ക നടപടി എടുത്തിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായ സംഭവം ഞെട്ടിപ്പിച്ചുവെന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. സിനിമാസെറ്റുകളിൽ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും സിനിമയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.
സിനിമാ സെറ്റിൽ കഞ്ചാവ് ഉപയോഗിച്ചതിന്റെ യുവനടൻ ഷൈൻ ടോം ചാക്കോ വെട്ടിലായ സംഭവത്തിന് പിന്നാലെയാണ് യുവസംവിധായകരെ എക്സൈസ് പിടികൂടിയത്. രാത്രി രണ്ട് മണിയോടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂന്നംഗ സംഘം എക്സൈസിന്റെ വലയിലായത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകൻ സമീർ താഹിറിനെ ചോദ്യം ചെയ്തേക്കും. ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്‌ക്കും ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനൽകിയ വ്യക്തിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും എക്സൈസ് വ്യക്തമാക്കി.
ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയുടെ സംവിധായകനാണ് കഞ്ചാവുമായി പിടിയിലായ ഖാലിദ് റഹ്മാൻ. തല്ലുമാല, ലവ്, ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. പറവ, മായാനദി, സുലൈഖ മൻസിൽ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പറവയിൽ ലഹരിക്കടിമയായ വ്യക്തിയായാണ് ഖാലിദ് അഭിനയിച്ചിട്ടുള്ളത്.
തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് പിടിയിലായ അഷ്റഫ് ഹംസ. തല്ലുമാലയുടെ തിരക്കഥാകൃത്ത് കൂടിയാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
ഷാലിഫ് മുഹമ്മദ് എന്നയാൾക്കൊപ്പമാണ് ഇരുസംവിധായകരും ഫ്ലാറ്റിൽ നിന്ന് പിടിയിലായത്. ഇതിന്റെ ദൃശ്യങ്ങൾ എക്സൈസ് പങ്കുവച്ചിരുന്നു. മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടും സൂപ്പർകൂളായാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പെരുമാറിയതെന്നതും ശ്രദ്ധേയമാണ്.















