കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ. പറവൂർ പൊഴിക്കര സ്വദേശി അഭിനന്ദാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വാഗമണ്ണിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു.
നാല് മാസം മുൻപാണ് അഭിനന്ദ് കൊല്ലം കടയ്‌ക്ക്ൽ സ്വദേശിനിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം മുതലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നീട് രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടിയെ കുളത്തൂർപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തി. തുടർന്ന് പൊലീസ് പെൺകുട്ടിയെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവിടെ വച്ച് ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വാഗമണ്ണിലെ ലോഡ്ജിൽ എത്തിച്ച പ്രതി പീഡിപ്പിച്ച ശേഷം കുളത്തൂർപ്പുഴയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കടയ്‌ക്കൽ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.