സിനിമാ മേഖലയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവൃത്തിയാണ് പലരും ചെയ്യുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അഭിലാഷ് പിള്ള തുറന്നടിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലഹരിവേട്ടയുടെ വാർത്ത കേട്ട് വല്ലാത്ത വിഷമം തോന്നുന്നു. കാരണം, ജോലി ചെയ്യാൻ ആഗ്രഹിച്ചു വന്ന ഈ ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സംഭവമാണിത്. ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുള്ള മേഖലയാണ് സിനിമയെന്നും അവരെ ബാധിക്കുന്ന കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖല അഗ്നിശുദ്ധി വരുത്തി മുന്നോട്ടുപോകുമെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
തന്റെ സിനിമയുടെ സെറ്റിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കളോ സാങ്കേതിക പ്രവർത്തകരോ ഉണ്ടാകില്ലെന്ന് അഭിലാഷ് പിള്ള നേരത്തെ നിലപാടെടുത്തിരുന്നു. സെറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ അവർ പിന്നീട് ആ സിനിമയുടെ ഭാഗമാകില്ലെന്ന ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും തന്റെ സഹപ്രവർത്തകരാണ്. അവരുടെ ചിത്രങ്ങൾ തനിക്ക് ഒരുപാടിഷ്ടമാണ്. കഴിവുറ്റവരാണ്. അവരുടെ പ്രതിഭ നമ്മുടെ മലയാള സിനിമയ്‌ക്ക് ഇനിയും വേണം. അതിനാൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിലേക്ക് ലഹരിവസ്തുക്കൾ എത്തുന്ന സ്രോതസ്സ് കണ്ടെത്തി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അഭിലാഷ് പിള്ള മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.