കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ ബാലിക കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധയുണ്ടായെന്നാണ് കുടുംബം പറയുന്നത്.
മാർച്ച് 29നായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. കടയിൽ പോയി മടങ്ങിവരുന്ന സമയത്തായിരുന്നു ആക്രമണം. കുട്ടിയുടെ കാലിലും തലയിലും കടിയേറ്റു. കഴുത്തിന് മുകളിലേക്ക് ആഴത്തിൽ പരിക്കേറ്റിരുന്നു. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പെടുക്കുകയും ചെയ്തു. എന്നാൽ അതിനുശേഷവും പേവിഷബാധയുണ്ടാവുകയായിരുന്നു.
തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തിൽ പരിക്കേറ്റാൽ പ്രതിരോധ വാക്സിൻ ഫലം കാണാതെ പോകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.















