ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ പക്ഷപാതപരമായ രീതിയിൽ റിപ്പോർട്ട് ചെയ്ത ബിബിസി ന്യൂസിനെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. പാക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ബിബിസിയുടെ ഇന്ത്യയിലെ മേധാവി ജാക്കി മാർട്ടിന് കേന്ദ്ര സർക്കാർ കത്ത് നൽകി. ഇനിയുള്ള റിപ്പോർട്ടിംഗുകൾ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുമെന്ന് ബിബിസിക്ക് എഴുതിയ ഔപചാരിക കത്തിൽ സർക്കാർ വ്യക്തമാക്കി.
“‘കശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാരുടെ വിസ റദ്ദാക്കി പാകിസ്താൻ” (Pakistan suspends visas for Indians after deadly Kashmir attack on Tourists) എന്ന തലക്കെട്ടോടെ ബിബിസി റിപ്പോർട്ട് ചെയ്ത ലേഖനമാണ് കേന്ദ്രസർക്കാർ നടപടിക്കാധാരം. പഹൽഗാമിൽ നടന്നത് ഭീകരാക്രമണമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും “militant attack” എന്നായിരുന്നു ബിബിസി വിശേഷിപ്പിച്ചത്.
തീവ്രമായി വാദിക്കുന്ന വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ആക്രമണത്തെയാണ് പൊതുവെ “militant attack” എന്ന് അഭിസംബോധന ചെയ്യാറുള്ളത്. രാഷ്‌ട്രീയമോ സാമൂഹികമോ ആയൊരു ലക്ഷ്യം കൈവരിക്കുന്നതിന് സായുധ ആക്രമണം നടത്തുന്നവരെ militant എന്ന് വിശേഷിപ്പിക്കുന്നു. ഭീകരരെയും ഭീകരാക്രമണത്തെയും നീതീകരിക്കാൻ കഴിയില്ലെന്നിരിക്കെ ആ പദം ഒഴിവാക്കി “militant attack” എന്ന് ബിബിസി പ്രയോഗിച്ചത് തീർത്തും നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ആക്രമണത്തിന് തീവ്രവാദികൾ നിർബന്ധിതരായെന്ന വ്യാഖ്യാനം നൽകാൻ “militant attack” എന്ന് വിശേഷിപ്പിക്കുകയായിരുന്നു ബിബിസി. പട്ടാപ്പകൽ ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തെ ഭീകരാക്രമണമെന്ന് പറയാൻ ബിബിസി കാണിച്ച ‘മടി’യാണ് കേന്ദ്രസർക്കാർ കയ്യോടെ പൊക്കിയത്. ഇന്ത്യക്കാർക്ക് നേരെ ഇന്ത്യക്കാർ തന്നെ നടത്തിയ ആക്രമണമെന്ന രീതിയിൽ വിവേചനപരമായ റിപ്പോർട്ടിംഗ് ബിബിസി നടത്തിയത് സോഷ്യൽമീഡിയയിൽ ഉൾപ്പടെ ചോദ്യം ചെയ്യപ്പെടുകയാണ്.















