ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമഖത്തിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. 1,200ഓളം പേർക്ക് പരിക്കേറ്റെന്നാണ് ഇറാൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലെ ഷാഹിദ് റാജീ സെക്ഷനിൽ ശനിയാഴ്ചയായിരുന്നു സ്ഫോടനം. ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബിലായിരുന്നു പൊട്ടിത്തെറി. ഏതാനും കിലോമീറ്ററുകൾക്കപ്പുറം സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും ജനലുകൾ പോലും സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നിരുന്നു. കണ്ടെയ്നറുകൾ പിളർന്നതോടെ ചരക്കുകൾ വലിയ തോതിൽ നശിക്കുകയും ചെയ്തു. ഒമാനിൽ വച്ച് യുഎസുമായി നടന്ന മൂന്നാംവട്ട ആണവ ചർച്ചയ്‌ക്കിടെയായിരുന്നു പൊട്ടിത്തെറി സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്.
ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിന് പിന്നാലെയുണ്ടായ അഗ്നിബാധ ഞായറാഴ്ച രാത്രിയോടെയാണ് പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തുറമുഖത്തിലെ കണ്ടെയ്നറുകളിലോ മറ്റോ സൂക്ഷിച്ച രാസവസ്തുക്കൾ സ്ഫോടനത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മിസൈലുകളിൽ ഉപയോഗിക്കുന്ന ഖര ഇന്ധനം കൈകാര്യം ചെയ്തതിലെ പിഴവാണ് പൊട്ടിത്തെറിക്ക് കാരണമെന്ന പ്രചാരണം ഇറാന്റെ പ്രതിരോധ മന്ത്രാലയം തള്ളുകയും ചെയ്തു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നത് അന്വേഷണശേഷം വ്യക്തമാക്കുമെന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട്. സ്ഫോടനം നടന്ന സ്ഥലത്ത് സൈന്യത്തിന്റെ കാർഗോ ഉണ്ടായിരുന്നില്ലെന്നും ഇറാന്റെ പ്രതിരോധ വക്താവ് അടിവരയിട്ട് പറഞ്ഞു.