റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ പരിശോധന നടത്തിയതിന് പിന്നാലെ കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 7 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പൊലീസിന്റെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ പരിശോധന തുടരുകയാണ്. ഫ്ലാറ്റിൽ ഒമ്പത് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നുവെന്നാണ് വിവരം. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാവിലെ 11 മണിയോടെ ഡാൻസാഫ് സംഘം ഫ്ലാറ്റിലേക്ക് പരിശോധനയ്‌ക്ക് എത്തിയത്.
തൃശൂർ സ്വദേശിയായ വേടൻ തന്റെ റാപ്പർ ഗാനങ്ങളിലൂടെ സമകാലീന വിഷയങ്ങൾ ഉൾപ്പടെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നിരിക്കെ ലഹരിക്കെതിരെയും പ്രചാരണം നടത്തിയിരുന്നു. യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള വേടൻ “മക്കളെ, ഡ്രഗ്സ് ഉപയോഗിക്കല്ലേടാ..” എന്നുപറഞ്ഞതും ആരാധകർ ഏറ്റെടുത്തിരുന്നു. ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ വേടൻ വീഡിയോ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന വിവരം പുറത്തുവരുന്നത്.















