കാൺപൂർ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മദ്രസയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വിദ്യാഭ്യാസവകുപ്പ് നടത്തിയ പരിശോധനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഒരാൾക്കുപോലും തങ്ങളുടെ പേര് ഇംഗ്ലീഷിൽ എഴുതാൻ അറിയില്ലെന്ന് അധികൃതർ കണ്ടെത്തി. വിദ്യാർത്ഥികളുടെ പരിതാപകരമായ അവസ്ഥ ബോധ്യമായതിനെത്തുടർന്ന് അധികാരികൾ മദ്രസയ്‌ക്ക് മുന്നറിയിപ്പും നോട്ടീസും നൽകുകയും അറബി, പേർഷ്യൻ എന്നിവയ്‌ക്ക് പുറമെ മറ്റ് വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ബാദി തകിയ പ്രദേശത്തെ അംഗീകൃത മദ്രസയായ ജാമിയ ഗാസിയ സയ്യാദുൽ ഉലൂമിൽ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിത പരിശോധന നടത്തിയതായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ സഞ്ജയ് മിശ്ര മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അദ്ധ്യാപകരിൽ ഒരാൾ ഹാജരായിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും ഹാജർ രജിസ്റ്ററിൽ അത് രേഖപ്പെടുത്തിയിട്ടില്ലെന്ന് സഞ്ജയ് മിശ്ര പറഞ്ഞു. മുൻഷി, മൗലവി, അലിം ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഹാജർ രജിസ്റ്റർ ചെയ്തതിനേക്കാൾ വളരെ കുറവാണെന്നും കണ്ടെത്തി.
“പരിശോധനയ്‌ക്കിടെ, പത്താം ക്ലാസ് വിദ്യാർത്ഥികളോട് അവരുടെ പേരും മദ്രസയുടെ പേരും ഇംഗ്ലീഷിൽ എഴുതാൻ ആവശ്യപ്പെട്ടു. പക്ഷേ ആർക്കും അത് ചെയ്യാൻ കഴിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു. മദ്രസ അധികൃതർ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിച്ച് അവരുടെ ഭാവികൊണ്ടാണ് കളിക്കുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മദ്രസയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദ്രസ മാനേജ്‌മെന്റിനും ഹാജരാകാത്ത അധ്യാപകനും നോട്ടീസ് അയച്ചു. ബഹ്‌റൈച്ച് ജില്ലയിൽ 301 അംഗീകൃത മദ്രസകളാണുള്ളത്. കൂടാതെ, അടുത്തിടെ നടത്തിയ ഒരു സർവേയിൽ ജില്ലയിൽ 495 അംഗീകൃതമല്ലാത്ത മദ്രസകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു















