സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് രാജ്യങ്ങളിലെ തലസ്ഥാന നഗരങ്ങളിലടക്കം നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതോടെ സ്പെയിനിലെ ട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. ദേശീയ റെയിൽവേ കമ്പനിയായ Renfe നൽകുന്ന വിവരമനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.30ഓടെയാണ് സ്പെയിനിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. ഇതോടെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതിന് ശേഷം ഒറ്റ സ്റ്റേഷനിൽ നിന്നുപോലും ട്രെയിൻ പുറപ്പെട്ടിട്ടില്ല.
സ്പെയിനിലെ പ്രധാന നഗരങ്ങളിലൊന്നായ ബാഴ്സലോണയിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്. മാഡ്രിഡിൽ സ്ഥിതിചെയ്യുന്ന പാർലമെന്റ് മന്ദിരവും രാജ്യത്തെമ്പാടുമുള്ള മെട്രോ സ്റ്റേഷനുകളും ഇരുട്ടിലായി. സ്പെയിനിൽ നടക്കുന്ന ടെന്നിസ് ടൂർണമെന്റായ മാഡ്രിഡ് ഓപ്പണിനെയും വൈദ്യുതി തടസം ബാധിച്ചു. സ്കോർബോർഡുകൾ ശൂന്യമായി. ടെന്നിസ് കോർട്ടിന് മുകളിൽ സ്ഥാപിച്ച ക്യാമറകൾ നിശ്ചലമായതോടെ മാച്ച് സ്തംഭിച്ചു. ബ്രിട്ടീഷ് താരമായ ജേക്കബ് ഫിയർലീ ടെന്നിസ് കോർട്ടിൽ നിന്നുമടങ്ങി.
സ്പാനിഷ് എയർപോർട്ടുകളിലും വൈദ്യുതി നിലച്ചിരുന്നു. എന്നാൽ ആകസ്മിക സാഹചര്യത്തെ നേരിടാൻ ജനറേറ്ററുകൾ സജീവമായതിനാൽ എയർപോർട്ടിലെ പ്രവർത്തനങ്ങൾ തടസമില്ലാതെ നടക്കുന്നുണ്ടെന്നാണ് എയർപോർട്ട് ഓപ്പറേറ്റായ AENA അറിയിക്കുന്നത്. ട്രാഫിക് ലൈറ്റുകൾ നിലച്ചതിനാൽ മാഡ്രിഡ് സിറ്റിയിൽ ട്രാഫിക് ജാമുകൾ രൂപപ്പെട്ടു. സ്പെയിനിൽ രാജ്യവ്യാപകമായി വൈദ്യുതി തടസം നേരിടുന്നത് അപൂർവമാണെന്നാണ് റിപ്പോർട്ട്.
പത്ത് ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പോർച്ചുഗലിൽ തലസ്ഥാന നഗരമായ ലിസ്ബണിലും വൈദ്യുതി തടസം നേരിട്ടു. രാജ്യത്തിന്റെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലുമാണ് പ്രധാനമായും വൈദ്യുതി നഷ്ടപ്പെട്ടത്. പോർച്ചുഗീസ് വൈദ്യുതി വിതരണക്കാരായ E-Redes നൽകുന്ന പ്രതികരണമനുസരിച്ച് വൈദ്യുതി തടസത്തിന് കാരണം യൂറോപ്യൻ ഇലക്ട്രിസിറ്റി സംവിധാനത്തിൽ വന്ന തകരാറാണ്. ഫ്രാൻസിന്റെ ചില മേഖലകളെയും വൈദ്യുതി തടസം ബാധിച്ചിട്ടുണ്ടെന്ന് E-Redes അറിയിച്ചു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ ലിസ്ബണിൽ പലയിടത്തും ട്രാഫിക് ലൈറ്റുകൾ നിശ്ചലമായത് ഗതാഗത സംവിധാനത്തെ പൂർണമായും തടസ്സപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.















