ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ചൈനീസ് സാങ്കേതികൾ വിദ്യകൾ ഉപയോഗിച്ചതായി സംശയം. ആക്രമണം നടന്ന സമയത്ത് സാറ്റലൈറ്റ് ബന്ധിത ഒരു ഹുവായ് സ്മാർട്ട് ഫോണിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്.
പഹൽഗാമിൽ ഹുവായ് സാറ്റലൈറ്റ് സ്മാർട്ട് ഫോണിന്റെ സിഗ്നലുകൾ ലഭിച്ചിട്ടുള്ള പ്രദേശങ്ങൾ സംഘം നിരീക്ഷിക്കുകയാണ്. അക്രമണസമയത്തെ ഫോണിന്റെ അസാധാരണമായ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കി ഇതുമായി ഭീകരർക്കോ പ്രാദേശിക സഹായികൾക്കോ ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
ഹുവായ് സ്മാർട്ട് ഫോണുകളുടെ ഉപയോഗം പൊതുവെ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. നേരിട്ടുള്ള സാറ്റലൈറ്റ് ആശയവിനിമയം സാധ്യമാക്കുന്ന ഹുവായ് ഫോണുകളുടെ മേറ്റ് 60 പ്രോ തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യയുടെ മൊബൈൽ നെറ്റ്‌വർക്കുകളെ ആശ്രയിക്കാതെ തന്നെ ചൈനയുടെ ടിയന്റ്ടോങ്-1 സാറ്റലൈറ്റ് സംവിധാനവുമായി ബന്ധിപ്പിക്കാനാവും. ഇത് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ഇത്തരം ഹുവായ് ഫോണുകൾ ഭീകരർ പാകിസ്താനിൽ നിന്നോ വിദേശത്തുനിന്നോ ഇന്ത്യയിലേക്ക് ഒളിച്ചു കടത്തിയതാവാമെന്ന് സംശയിക്കുന്നു.















