ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഭീകരസംഘടനയുടെ പങ്ക് വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാക്- ഇന്ത്യൻ വ്യോമാതിർത്തി അടയ്‌ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താനിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ വഴിതിരിച്ചുവിടാൻ ഈ നീക്കം പാകിസ്താൻ വിമാനകമ്പനികളെ നിർബന്ധിതരാക്കും. ഇന്ത്യൻ തുറമുഖങ്ങളിൽ പാകിസ്താൻ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ തുടർന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് പാക് വ്യോമാതിർത്തി അടച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ഇന്ത്യയുടെ നീക്കം. നയതന്ത്രത്തിന്റെ മറവിൽ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ക്വാലാലംപൂർ, സിംഗപൂർ, ബാങ്കോക്ക് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ നഗരങ്ങളിലേക്കുള്ള പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് സർവീസുകളെയും ഇന്ത്യയുടെ പുതിയ തീരുമാനം സാരമായി ബാധിക്കും. പാക് വിമാനങ്ങൾ ചൈന, ശ്രീലങ്ക രാജ്യങ്ങളിലൂടെ തിരിച്ചുവിടുന്നത് വലിയ ചിലവേറിയതാണ്. സമയനഷ്ടം, ഇന്ധന ഉപഭോഗം എന്നിങ്ങനെ എല്ലാ പ്രവർത്തന ചെലവുകളും വർദ്ധിക്കും.