കഞ്ചാവുപയോഗിച്ചതിന് പിടിയിലായ റാപ്പർ വേടന് പരസ്യ പിന്തുണയുമായി നടിയും ആക്ടിവിസ്റ്റുമായ ലാലി പിഎം. വേടനൊപ്പമാണെന്നാണ് ലാലിയുടെ നിലപാട്. തല പോകുന്ന തെറ്റൊന്നുമല്ല വേടൻ ചെയ്തതെന്നും വേടന്റെ ശബ്ദം ഇവിടുത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരെ ഉയരണമെന്നും പ്രഹരശേഷിയുള്ള റാപ്പുകൾ കേട്ടുപൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽമീഡിയയിൽ ആർത്തട്ടഹസിക്കുന്നതെന്നും നടി ലാലി പിഎം പറഞ്ഞു. വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് ”തോന്നുന്നു” എന്നാണ് ലാലിയുടെ നിരീക്ഷണം.
എന്നാൽ ലാലിയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് പോസ്റ്റുകളുമായി എത്തുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും ഖാലിദ് റഹ്മാനുമില്ലാത്ത പ്രിവില്ലേജ് വേടനും ലഭിക്കില്ലെന്ന് കമന്റ് സെക്ഷനിൽ ചിലർ വിശദീകരിച്ചുനൽകി. വേടൻ നന്നായി പാടും, വേടൻ നന്നായി രാഷ്‌ട്രീയം പറയും, വേടൻ നന്നായി സവർണ്ണതയ്‌ക്ക് എതിരെ സംസാരിക്കും എന്നതൊന്നും ഇന്ത്യയിലെ നിയമം അനുസരിക്കാതിരിക്കാനുള്ള പ്രിവില്ലേജ് അല്ല. നിരോധിത ലഹരി ഉപയോഗിക്കാനുള്ള അനുവാദമല്ല. കല വേറെ, കഞ്ചാവ് വേറെയെന്നും ലാലിക്ക് മറുപടിയുമായി സോഷ്യൽമീഡിയ പോസ്റ്റുകൾ ഉയർന്നു.
കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കുന്ന വേടൻ എന്ന ഹിരൺദാസ് മുരളി കൂടുതൽ സമചിത്തതയോടെ പെരുമാറേണ്ടതും ഇടപെടേണ്ടതും കലാകാരനെന്ന നിലയിലുള്ള ഉത്തരവാദിത്വമാണെന്നും ചിലർ ഓർമിപ്പിച്ചു.
നിലവിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് വേടൻ. പുലിപ്പല്ല് കൈവശം വച്ചതിന് വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കഞ്ചാവ് പിടിച്ചെടുക്കാനെത്തിയ പൊലീസ് വേടന്റെ കഴുത്തിലെ മാലയിലെ പുലിപ്പല്ല് കാണുകയും ഇതോടെ വിഷയം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. അതിനാൽ വേടനെതിരെ കഞ്ചാവുകേസും വനംവകുപ്പിന്റെ കേസും നിലവിലുണ്ട്.















