തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കും. സംസ്ഥനത്തെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27, 021 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26-നാണ് എസ്എസ്എൽസി പരീക്ഷ അവസാനിച്ചത്.
പരീക്ഷ എഴുതിയ 4,27, 021 വിദ്യാർത്ഥികളിൽ 2,17, 696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണുള്ളത്. ഗൾഫ് മേഖലയിൽ ഇത്തവണ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലകളിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതിയിരുന്നു. ഏപ്രിൽ മൂന്നിനാണ് മൂല്യനിർണയം ആരംഭിച്ചത്. ഏപ്രിൽ 26-ന് അവസാനിച്ചു.
ഇത്തവണ ആരംഭിച്ച പിന്തുണ ക്ലാസുകൾ ഗുണം ചെയ്തെന്നും വരും വർഷങ്ങളിൽ സബ്ജക്ട് മിനിമം കൂടുതൽ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.















