ഒട്ടാവ: ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ ജഗ്മീത് സിംഗ് കാനഡയിലെ ദേശീയ തെരഞ്ഞെടുപ്പിൽ തോറ്റു. ബ്രിട്ടീഷ് കൊളംബിയയിലെ ബുർണാബി സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജഗ്മീത് സിംഗിനെ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയാണ് തോൽപ്പിച്ചത്. പരാജയം സ്ഥിരീകരിച്ചതിന് പിന്നാലെ പാർട്ടി അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കുന്നതായി ജഗ്മീത് സിംഗ് പ്രഖ്യാപിച്ചു.
ദേശീയ തെരഞ്ഞെടുപ്പിൽ തികച്ചും മോശം പ്രകടനമായിരുന്നു ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി കാഴ്ചവച്ചത്. പാർലമെന്റിൽ കുറഞ്ഞത് 12 സീറ്റാണ് ദേശീയ പാർട്ടി പദവി നിലനിർത്താൻ വേണ്ടതെന്നിരിക്കെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ആവശ്യമായ സീറ്റുകൾ നേടാൻ സാധിച്ചില്ല.
ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് മാത്രമല്ല പാർട്ടിയെ നയിച്ചിരുന്ന ജഗ്മീത് സിംഗിനും കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. ഫലം വന്നപ്പോൾ ജഗ്മീത് സിംഗ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 19 ശതമാനത്തിൽ താഴെ വോട്ടുമാത്രമേ ജഗ്മീത് സിംഗിന് നേടാൻ കഴിഞ്ഞുള്ളൂ. ലിബറൽ പാർട്ടിയുടെ വേഡ് ഷാംഗ് ജയം സ്വന്തമാക്കിയപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ ജെയിംസ് യാൻ രണ്ടാമതെത്തി. വോട്ടുശതമാനത്തിൽ ജെയിംസിനേക്കാൾ ഏറെ പിറകിലാണ് മൂന്നാമതെത്തിയ ജഗ്മീത് സിംഗ്.
ആകെ ഏഴ് സീറ്റുകളിൽ മാത്രമാണ് NDPക്ക് ജയിക്കാൻ കഴിഞ്ഞത്. 2021ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയിരുന്ന പാർട്ടിയാണ് പകുതിയായി കൂപ്പുകുത്തിയത്.















