ചൈനയിലെ റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ലിയോയാങ്ങ് സിറ്റിയിലാണ് സംഭവം. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. മൂന്നുനില കെട്ടിടമാണ് തീപിടിച്ചത്.
ചൈനയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ലിയോയാങ്ങ്. ലിയാനിംഗ് പ്രവിശ്യയിലാണിതുള്ളത്.
വ്യാവസായിക അപകടങ്ങൾ ചൈനയിൽ സർവസാധാരണമാണ്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിലെ പിഴവും ജീവനക്കാർക്ക് ആവശ്യത്തിന് പരിശീലനം ലഭിക്കാത്തതും അപകടത്തിന് കാരണമാകുന്നു. അടിസ്ഥാന സൗകര്യങ്ങളെ മോശമായി പരിപാലിക്കുന്നതും രാസവസ്തുക്കൾ അനധികൃതമായി സൂക്ഷിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.
ചൈനയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. ഏപ്രിൽ 9ന് 20 പേരുടെ ജീവനെടുത്ത തീപിടിത്തം നടന്നിരുന്നു. നോർത്ത് ചൈനയിലെ ഹെബേയ് പ്രവിശ്യയിലുള്ള നഴ്സിംഗ് ഹോമിലായിരുന്നു അപകടം.















