മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്നതിനിടെ പ്രതിരോധ കമ്പനികളുടെ ഓഹികളില്‍ വന്‍ കുതിപ്പ്. ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ ഓഹരിമൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചു. 5 മുതല്‍ 15 ശതമാനം വിലവര്‍ധനവാണ് പ്രതിരോധ കമ്പനികളുടെ ഓഹരികളില്‍ ഉണ്ടായത്.
ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ്, ഡാറ്റ പാറ്റേണ്‍സ്, കൊച്ചിന്‍ ഷിപ്യാര്‍ഡ്, മസഗണ്‍ ഡോക് ഷിപ്ബില്‍ഡേഴ്‌സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ബെല്‍, പാരസ് ഡിഫന്‍സ് എന്നീ കമ്പനികളാണ് കുതിപ്പില്‍ മുന്നില്‍ നിന്നത്. ഡാറ്റ പാറ്റേണ്‍സിന്റെ ഓഹരി മൂല്യം 14.34% ഉയര്‍ന്നു. ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സിന്റെ ഓഹരി മൂല്യം 11.90% വര്‍ധിച്ചു. കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി മൂല്യം 10.01% വര്‍ധിച്ച് 1652.40 ആയി. മസഗോണ്‍ ഡോക് ഷെയറുകളുടെ മൂല്യം 8.67% കൂടി. 3027രൂപ ഓഹരി മൂല്യവുമായി 1 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി മസഗോണ്‍ ഡോക്.
ഇന്ത്യ-പാക് സംഘര്‍ഷമാണ് പ്രതിരോധ ഓഹരികളുടെ കുതിപ്പിന് പ്രധാന കാരണം. പ്രതിരോധ കമ്പനികളുടെ മേല്‍ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. നാവിക സേനയ്ക്കായി 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 63000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടതും പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി.
മികച്ച ഓര്‍ഡറുകളും പ്രതിരോധ ഓഹരികള്‍ക്ക് നേട്ടമായിട്ടുണ്ട്. സൈന്യത്തിനും വ്യോമസേനയ്‌ക്കുമായി ലഘു യുദ്ധവിമാനങ്ങള്‍ നല്‍കാനായി 62,700 കോടി രൂപയുടെ ഓര്‍ഡറാണ് എച്ച്എഎലിന് ലഭിച്ചത്. ഭാരത് ഡൈനാമിക്‌സ് 2025 ഏപ്രില്‍ 1 വരെയുള്ള കണക്കനുസരിച്ച് 22,700 കോടി രൂപയുടെ ഓര്‍ഡറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍) 2803 കോടി രൂപയുടെ ഓര്‍ഡറുകള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തമാക്കി.
2026 സാമ്പത്തിക വര്‍ഷത്തിലും മികച്ച പ്രതീക്ഷകളാണ് പ്രതിരോധ മേഖലയില്‍ നിലനില്‍ക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റവും ഗുണകരമായത് പ്രതിരോധ മേഖലയിലാണ്. പ്രതിരോധ ഉല്‍പ്പാദനവും കയറ്റുമതിയും മുന്നേറുമെന്ന സൂചനകളാണ് മേഖലയില്‍ നിന്ന് ലഭിക്കുന്നത്.
കൊച്ചിന്‍ ഷിപ്യാര്‍ഡ്
കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി മൂല്യം 10.83% വര്‍ധിച്ച് 1652.40 ആയാണ് ഉയര്‍ന്നത്. ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 17.81% മുന്നേറ്റം ദൃശ്യമായി. 2024 ജൂലൈ 1ന് 2620.15 എന്ന സര്‍വകാല റെക്കോഡില്‍ എത്തിയശേഷം ഒാഹരിവില കുത്തനെ ഇടിഞ്ഞു വരികയായിരുന്നു. 40,614 കോടി രൂപയായി കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ വിപണി മൂലധനം ഉയര്‍ന്നിട്ടുണ്ട്.















