എറണാകുളം: പുലിപ്പല്ല് കൈവശംവച്ച കേസിൽ റാപ്പർ വേടനെ (ഹിരൺ ദാസ് മുരളി) വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടനെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തേക്കാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പുലിപ്പല്ല് രൂപമാറ്റം ചെയ്ത് ആഭരണമാക്കിയ ജുവലറിയിൽ ഉൾപ്പെടെ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
വേടന്റെ കൊച്ചിയിലെ ഫ്ലാറ്റ്, പുലിപ്പല്ല് രൂപമാറ്റം വരുത്തിയ ജുവലറി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് ശേഖരിക്കും. ഇതിന് വേണ്ടിയാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പുലിപ്പല്ലിന്റെ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തും. ഇതിന് ഹൈദരാബാദ് ലബോറട്ടറിയെ സമീപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
അതേസമയം, പുലിപ്പല്ല് ഒറിജിനലാണെന്ന് അറിയില്ലെന്നും ഒരു ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ പൊലീസിനോട് പറഞ്ഞത്. ഇത് പ്രകാരം ശ്രീലങ്കൻ പൗരനായ രഞ്ജിതിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വന്യമൃഗത്തെ വേട്ടയാടിയതിന് പുറമേ ഇത്തരത്തിലുള്ള വസ്തുക്കൾ കൈവശം വച്ചാൽ അതും കുറ്റകരമാണ്. ഇതാണ് വേടനെ വെട്ടിലാക്കിയത്. കേസിൽ ശക്തമായ തെളിവുകൾ ശേഖരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.