ന്യൂഡൽഹി: ആറ് ദിവസത്തിനുള്ളിൽ പാകിസ്താനികൾ ഇന്ത്യവിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്ന് 786 പാക്പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി പലായനം ചെയ്തു. 1,376 ഇന്ത്യൻ പൗരന്മാരാണ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പാകിസ്താനികൾ 27-നുള്ളിൽ ഇന്ത്യ വിടണമെന്നായിരുന്നു സർക്കാർ നിർദേശം. മെഡിക്കൽ വിസയുള്ളവർക്ക് 29 വരെയായിരുന്നു സമയം.
നിർദേശത്തെ തുടർന്ന് 28-ാം തീയതി മുതൽ തന്നെ പാകിസ്താനികൾ അതിർത്തി വഴി പലായനം ചെയ്യാൻ ആരംഭിച്ചിരുന്നു. പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
പാകിസ്താനിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും ദുബായ് വഴിയും മറ്റ് പല വിമാന മാർഗങ്ങളിലൂടെയുമാണ് ഇന്ത്യയിൽ നിന്ന് പുറപ്പെട്ടത്. പാകിസ്താനികളെ കണ്ടെത്തി അവരെ തിരിച്ചയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ അതത് സംസ്ഥാനങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാനങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. പാകിസ്താനികൾ ഏപ്രിൽ 29-ന് ശേഷവും ഇന്ത്യയിൽ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.















