മുംബൈ: 26/11 ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ ഐപിഎസ് ഓഫീസർ ദേവൻ ഭാരതിയെ മുംബൈ പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ വിവേക് ഫൻസൽകർ ബുധനാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ബിഹാറിൽ നിന്നുള്ള 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് ഭാരതി. 2023 മുതൽ മുംബൈയിലെ പൊലീസ് സ്പെഷ്യൽ കമ്മീഷണർ പദവിയിലുണ്ട്. മഹായുതി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സൃഷ്ടിച്ച പോസ്റ്റാണിത്.
മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ മേധാവിയായും ക്രൈംബ്രാഞ്ച് പൊലീസിന്റെ അഡീഷണൽ കമ്മീഷണറായും ഭാരതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ഏറ്റവും ശക്തരായ പൊലീസ് ഓഫീസർമാരിൽ ഒരാളായാണ് ഭാരതിയെ കണക്കാക്കുന്നത്.















