ഡെറാഡൂൺ: പുണ്യതീർത്ഥാടന യാത്രയായ ചാർധാം യാത്രയ്‌ക്ക് ഇന്ന് തുടക്കമായി. അക്ഷയതൃതീയ ദിവസത്തോടനുബന്ധിച്ചാണ് യാത്രയ്‌ക്ക് തുടക്കമായത്. രാവിലെ പത്ത് മണിയോടെ ഗംഗോത്രി, യമുനോത്രി കവാടങ്ങൾ തുറന്നു. കേദാർനാഥിന്റെ കവാടം വെള്ളിയാഴ്ചയും ബദരീനാഥിന്റെ കവാടം ഞായറാഴ്ചയുമാണ് തുറക്കുന്നത്.
ചാർധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യമുനോത്രിയിലെത്തി ഭക്തരെ കണ്ടു. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിന് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ ഭാഗത്ത് നിന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാർധാം യാത്രയിൽ പങ്കെടുക്കുന്ന ഒരു തീർത്ഥാടകന് പോലും യാതൊരു പ്രശ്നവും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളും. തീർത്ഥാടകർക്ക് ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കും. മറ്റ് ധാമുകളെ അപേക്ഷിച്ച് യമുനോത്രി ധാമിലേക്കുള്ള യാത്ര ദുർഘടമാണ്. ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് ഞങ്ങൾ തീരുമാനിക്കുന്നത്. ചാർധാം യാത്ര തികച്ചും സുരക്ഷിതവും എളുപ്പവുമായിരിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണ 22 ലക്ഷത്തിലധികം തീർത്ഥാടകരാണ് ചാർധാം യാത്രയ്‌ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തത്.