എറണാകുളം: പുലിപ്പല്ല് കൈവശംവച്ച സംഭവത്തിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) ജാമ്യം. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് തനിക്ക് അറിയില്ലെന്നും അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വേടൻ കോടതിയെ അറിയിച്ചു.
കേരളം വിട്ട് പോകരുത്, ഏഴ് ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് കോടതി നിർദേശങ്ങൾ. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിർത്തെങ്കിലും ഈ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ശ്രീലങ്ക സ്വദേശിയായ ആരാധകനാണ് തനിക്ക് പുലിപ്പല്ല് നൽകിയതെന്ന് വേടൻ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിലും പുലിപ്പല്ല് രൂപമാറ്റം ചെയ്ത ജുവലറിയിലും വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.















